Wednesday, 8 February 2017

സമയം പോയതേ അറിഞ്ഞില്ല...

ചെന്നൈ പുസ്തകമേള എനിക്ക് സമ്മാനിച്ചത്
[Ann Maria Sebastian, II MA English]

നാല്പതാമത് ചെന്നൈ പുസ്തകമേളയുടെ അവസാന ദിനത്തിലേയ്ക്ക് ഓടിക്കയറുമ്പോള്‍ മനസ്സില്‍ ആകാംക്ഷ തളംകെട്ടി നിന്നിരുന്നു. ഒരാഴ്ചയിലധിയ്കം നീണ്ടുനിന്ന പുസ്തകമേളയുടെ അവസാനദിനം വരെ നോക്കിനിന്ന്‍ ഓടിപ്പിടിച്ച് തിരക്കിട്ട് കയറേണ്ടി വന്നല്ലോ എന്ന നിരാശയും, എന്നാല്‍ അതോടൊപ്പം പുസ്തകമേള നടക്കുന്ന വലിയ കൂടാരങ്ങള്‍ക്കുള്ളില്‍ എന്നെ കാത്തിരിക്കുന്നത് എന്തായിരിക്കും എന്ന് അറിയാനുള്ള അതിരറ്റ ജിജ്ഞാസയും. അവിടവിടെയായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍, പ്രായമായവര്‍, മാതാപിതാക്കള്‍, അവരുടെ കൊച്ചുകുട്ടികള്‍ അങ്ങനെ പല പ്രായപരിധിയിലുള്ളവര്‍ അകത്തേയ്ക്കു കയറുകയും, പുറത്തേയ്ക്ക് ഒഴുകുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ ആരവങ്ങള്‍ക്ക് ഇടയിലേയ്ക്ക് പത്തു രൂപാ ടിക്കറ്റ് എടുത്തു കയറി പക്ഷെ ഞങ്ങള്‍ ആദ്യം പോയത് പുസ്തകക്കടകളിലെയ്ക്കല്ല, മറിച്ച് ഇടതുവശത്ത് കണ്ട ഭക്ഷണശാലയിലെയ്ക്കാണ്‌! ഉച്ചഭക്ഷണം കഴിക്കാതെ ക്ലാസ്സില്‍നിന്നു നേരെ പോരേണ്ടി വന്നതിനാല്‍ ഞങ്ങള്‍ അഞ്ചുപേരും വിശന്നു വലഞ്ഞ അവസ്ഥയിലായിരുന്നു. അതുകൊണ്ടാവാം പങ്കിട്ടുകഴിച്ച ഭക്ഷണത്തിന് പതിവിലധികം രുചിയും തോന്നി.

അങ്ങനെ വിശപ്പൊക്കെയടക്കി പുസ്തക മേളയിലേക്ക് പ്രവേശിച്ച ഞങ്ങള്‍ അത്ഭുതപ്പെട്ടു പോയി. ഒന്നു മുതല്‍ അക്കമിട്ടു നിരന്നു കിടക്കുന്ന എഴുന്നൂറോളം സ്റ്റാളുകള്‍. ആദ്യം കയറിയത് തപാല്‍ വകുപ്പിന്റെ സ്റ്റാമ്പ്ശേഖരണത്തിലേക്ക്. വ്യത്യസ്തമായ കുറെ സ്റ്റാമ്പുകള്‍ കണ്ടു രസിച്ച് പിന്നെ രണ്ടാമത്തെ സ്റ്റാള്‍ മുതല്‍ പുസ്തകങ്ങളുടെ അനന്തസാഗരത്തിലേക്ക്. എനിക്ക് മുന്‍പേ പോയ പുസ്തകപ്പുഴുക്കള്‍ പല സ്റ്റാളുകളിലായി വാരി വലിച്ച് മേശകളിന്മേല്‍ നിരത്തിയിട്ടിരിക്കുന്നതും, അല്ലാതെ പ്രസാധകര്‍ പല പല തട്ടുകളിലായി നിരനിരയായി അടുക്കിവെച്ചിരിക്കുന്നതുമായ പുസ്തകങ്ങള്‍ക്കിടയില്‍ എപ്പോഴൊക്കെയോ വാങ്ങണമെന്നാഗ്രഹിച്ച കുറേ കൃതികളില്‍ കണ്ണുടക്കി. ഖലീല്‍ ജിബ്രാന്‍ കൃതികളുടെ സമാഹരണം, ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കെയുടെ ലവ് ഇന്‍ ദി ടൈം ഓഫ് കോളറ, വണ്‍ ഹണ്ട്രെട് ഇയെര്‍സ് ഓഫ് സോളിട്യുട് എന്നീ പുസ്തകങ്ങള്‍,

ഇക്കഴിഞ്ഞയിടെ മാതൃഭാഷയില്‍ വായിച്ച്ഇഷ്ടം കൂടിയ എം.ടിയുടെ രണ്ടാമൂഴം എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ Bhima: Lone Warrior, ഡയറി ഓഫ് എ വിമ്പി കിഡ് പരമ്പരയിലെ വായിച്ചിട്ടില്ലാത്ത കുറേ പുസ്തകങ്ങള്‍, അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ പരമ്പരകള്‍... ഇതിനൊക്കെ ഇടയില്‍ പുറംചട്ട കണ്ട് കൌതുകം കൂറി ചാടിയെടുത്ത മറ്റു രണ്ട് പുസ്തകങ്ങള്‍- വീഞ്ഞിനോടുള്ള ആര്‍ത്തി കൊണ്ടാവാം, ഒരു എന്‍സൈക്ലോപീഡിയ ഓഫ് വൈന്‍, പിന്നെ പുറംചട്ടയിലെ ഓമനത്തം തുളുമ്പുന്ന ടെഡി ബെയര്‍ എന്നെക്കൊണ്ട് എടുപ്പിച്ച, ദി ടെഡിബെയര്‍ എന്‍സൈക്ലോപീഡിയ.

ഇത് വായിക്കുമ്പോള്‍ എനിക്ക് വട്ടാണെന്ന് വിചാരിക്കുന്ന പ്രിയ വായനക്കാരോട് ക്ഷമാപണം നടത്തിക്കൊണ്ട് പറയട്ടെ, വെറുതെ താളുകള്‍ മറിച്ചുനോക്കി, മനസ്സില്‍ “ഹൊ!! ഈ ലോകത്ത് ഇതിനും മാത്രം വ്യത്യസ്ത തരം വീഞ്ഞോ അല്ലെങ്കില്‍ ടെഡിബെയറോ!” എന്ന് അത്ഭുതപ്പെട്ട്, താളുകള്‍ മടക്കി ആ എന്‍സൈക്ലോപീഡിയകള്‍ എടുത്തിടത്ത് തിരികെ വെച്ചിട്ട് ഞാന്‍ സ്ഥലം വിട്ടു! കാര്യമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ എന്തെങ്കിലുമൊരു അനാവശ്യമായ പൊട്ടത്തരം ചെയ്യുക എന്നത് മനസ്സിന് എന്നും ഒരു വിനോദമാണല്ലോ!

അങ്ങനെ കുറച്ചുകൂടി വിലക്കുറവില്‍ പുസ്തകങ്ങള്‍ കിട്ടുമോ എന്നന്വേഷിച്ച് സ്റ്റാളുകള്‍ കയറിയിറങ്ങി മുന്പോട്ട് നടക്കുമ്പോഴാണ് ഒരു സ്റ്റാളില്‍ പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്ന രണ്ട് വരികള്‍- നോക്കിയപ്പോള്‍ സിറ്റി യൂണിയന്‍ ബാങ്കിന്‍റെ എ.ടി.എം!

അങ്ങനെ പുസ്തകമേളയിലും നോട്ട് നിരോധനത്തിന്റെ പ്രതിധ്വനികള്‍ അലയടിച്ച് നില്‍ക്കുന്നതൊക്കെ കണ്ട് കറങ്ങി നടന്നു സമയം പോയതേ അറിഞ്ഞില്ല. ഒടുവില്‍ തിരിച്ചിറങ്ങാന്‍ സമയം വൈകിയതിനാല്‍ ആദ്യം പുസ്തകങ്ങള്‍ കണ്ടുവെച്ച സ്റ്റാള്‍ ഒന്നും കണ്ടുപിടിക്കാനും സാധിച്ചില്ല. അഞ്ചരയോടെ, തിരികെ ഹോളില്‍ എത്താനുള്ള വെപ്രാളത്തില്‍ തിടുക്കത്തില്‍ പുറത്തേയ്ക്കുള്ള വഴി കണ്ടുപിടിച്ച് ഓട്ടവുമല്ല നടത്തവും അല്ലാത്തൊരു ഗതിയില്‍ വച്ചുപിടിക്കുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് പുത്തന്‍ മണമുള്ള പുസ്തകങ്ങള്‍ ആയിരുന്നില്ല, മറിച്ച് അല്പം പഴമ മണക്കുന്ന, ഗൃഹാതുരത്വം നിറഞ്ഞ ഒരു ഓര്‍മ്മയായിരുന്നു; വീട്ടിലെ എന്‍റെ മുറിയിലെ ഷെല്‍ഫില്‍ അടുക്കി അടുക്കി വച്ചിരിക്കുന്ന ചെറുതും വലുതുമായ പുസ്തകങ്ങള്‍. പലപ്പോഴായി മത്സരങ്ങളില്‍ സമ്മാനമായി കിട്ടിയ എട്ടോ പത്തോ പുസ്തകങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം അച്ഛന്‍ വാങ്ങിവെച്ചവ!

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കുന്നതിനും മുന്‍പ് നേരെപിടിച്ചും, തലതിരിച്ചും വായിച്ചുതുടങ്ങിയ കളിക്കുടുക്ക, ബാലരമ പോലെയുള്ള ബാലമാസികകള്‍ അഥവാ ചിത്രപ്പുസ്തകങ്ങള്‍... നാലക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ച കാലത്ത് ഉത്സാഹത്തോടെ വായിച്ചുതുടങ്ങിയ ഈസോപ്പ് കഥകള്‍, പഞ്ചതന്ത്രം കഥകള്‍, മറ്റ് ചിത്രകഥ പുസ്തകങ്ങളും, അവയില്‍ എന്നിലെ വികൃതിക്കുട്ടി വരച്ചു ചേര്‍ത്ത് നിറം കൊടുത്ത പൂക്കളും, മരങ്ങളും, വീടും, പുഴയും, മറ്റെന്തൊക്കെയോ രൂപങ്ങളും... പിന്നീട് കുറച്ചൊക്കെ ബുദ്ധിയുറച്ച സമയത്ത് വായിച്ചുതുടങ്ങിയ വിശ്വപ്രസിദ്ധ കഥകളുടെ സമാഹരണം – സിന്ദ്ബാദ്, ഗള്ളിവര്‍, സ്നോവൈറ്റ്, അലാവുദീനും അത്ഭുതവിളക്കും, ആലിബാബയും നാല്പതു കള്ളന്മാരും... പിന്നെ റോമിയോ ആന്‍റ് ജൂലിയറ്റ്, ടോം സോയര്‍, ഹക്കില്‍ബറിഫിന്‍, ഡ്രാക്കുള തുടങ്ങിയ കൃതികളുടെ സചിത്ര പ്രസിദ്ധീകരണങ്ങള്‍... അതിനും ശേഷം ഇംഗ്ലീഷ് വായനയില്‍ താല്പര്യം തോന്നിയപ്പോള്‍ വായിച്ചുതുടങ്ങിയത് പണ്ട് അച്ഛന്‍ വരുത്തിയിരുന്ന റീഡേഴ്സ് ഡൈജസ്റ്റിന്‍റെ ലക്കങ്ങള്‍. ഇവയെല്ലാം ആ ഷെല്‍ഫിന്റെ പല തട്ടുകളിലായി അടുക്കി അടുക്കി വച്ചിരിക്കുകയാണ്.

അങ്ങനെ ഓര്‍മ്മകള്‍ ഒരുപാടാണ്‌ ഇരച്ചെത്തിയത് മനസ്സിലേയ്ക്ക്...ആ ഓര്‍മ്മകളിലൂടെ ചെന്നൈ പുസ്തകമേള എനിക്ക് സമ്മാനിച്ചത് ഒരു മധുരമുള്ള തിരിച്ചറിവും – വായനയില്‍ അച്ഛനാണ് എന്‍റെ ഗുരു എന്ന തിരിച്ചറിവ്!
-          ആന്‍ മരിയ സെബാസ്റ്റ്യന്‍ 

No comments:

Post a Comment